ഇന്ത്യയിൽ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളാവാനുള്ള വൻ മത്സരത്തിലാണ് ഹ്യുണ്ടായിയും ടാറ്റ മോട്ടോർസും. പഞ്ച് എത്തിയതോടെ ചില മാസങ്ങളിൽ ദക്ഷിണ കൊറിയൻ ബ്രാൻഡിനെ മലർത്തിയടിക്കാൻ ടാറ്റക്ക് സാധിച്ചിട്ടുണ്ടെങ്കിലും പിന്നീട് മോഡൽ നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് ഹ്യുണ്ടായി തങ്ങളുടെ രണ്ടാം സ്ഥാനം തിരികെപ്പിടിക്കുകയുണ്ടായി.
എങ്കിലും ഇനി ആ സ്ഥാനത്തിനായി മോഹിക്കേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് എക്സ്റ്ററിനെ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായി. അതും ടാറ്റ പഞ്ച് അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് നേരിട്ടുള്ള എതിരാളിയായാണ് ഈ കുട്ടിക്കൊമ്പന്റെ വരവ്. അതും ഈ രംഗം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഫീച്ചറുകളുടെ ആറാട്ടുമായാണ് എക്സ്റ്ററിനെ ദക്ഷിണ കൊറിയൻ ബ്രാൻഡ് പണിതിറക്കിയിരിക്കുന്നത്. EX, EX(O), S, SX, SX(O), SX(O) കണക്റ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റ് നിരയാണ് കുഞ്ഞൻ എസ്‌യുവിക്കുള്ളത്.
82 bhp പവറിൽ 114 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് എക്‌സ്‌റ്ററിന് തുടിപ്പേകുന്നത്. 68 bhp കരുത്തിൽ 95 Nm torque നൽകുന്ന സിഎൻജി വേരിയന്റും മോഡലിനുണ്ടെന്നത് ഇരട്ടി മധുരമാണ്. ടാറ്റ പഞ്ച്, സിട്രൺ C3 എന്നിവയ്‌ക്കൊപ്പം മത്സരിക്കുന്ന ഹ്യുണ്ടായി എക്സ്റ്ററിന്റെ ഡെലിവറി ജൂലൈ 11-ന് ആരംഭിക്കും. ഇതിനു മുന്നോടിയായി വാഹനത്തിന്റെ വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കിയാലോ?
എക്സ്റ്റർ EX പെട്രോൾ മാനുവൽ: ഫോൾഡബിൾ കീ, എൽഇഡി ടെയിൽ ലൈറ്റുകൾ, മുന്നിലും പിന്നിലും സിൽവർ സ്കിഡ് പ്ലേറ്റ്, ബോഡി കളർ ബമ്പറുകൾ, 14 ഇഞ്ച് സ്റ്റീൽ വീലുകൾ, ഫ്ലോർ മാറ്റുകൾ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒന്നിലധികം പ്രാദേശിക യുഐ ഭാഷകൾ, ഫ്രണ്ട് പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് എക്സ്റ്റർ ബേസ് വേരിയന്റിൽ ലഭ്യമാവുന്ന ഫീച്ചറുകൾ.
ഇതോടൊപ്പം ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക് പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഹ്യുണ്ടായി എക്സ്റ്ററിൽ സ്റ്റാൻഡേർഡായി കമ്പനി കോർത്തിണക്കിയിട്ടുണ്ട്. ഈ വേരിയന്റിന് 5.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
എക്സ്റ്റർ EX (O): പെട്രോൾ മാനുവൽ ഓപ്ഷനിൽ മാത്രം ലഭ്യമാവുന്ന മൈക്രോ എസ്‌യുവിയുടെ ഈ വേരിയന്റിലും ബേസ് മോഡലിൽ ലഭിക്കുന്ന എല്ലാ ഫീച്ചറുകളും സവിശേഷതകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെങ്കിലും മുടക്കുന്ന തുകയ്ക്ക് അധികമായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ അസിസ്റ്റ് കൺട്രോൾ (HAC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (VSM) പോലുള്ള സംവിധാനങ്ങളും എക്സ്റ്റർ EX (O) പതിപ്പിൽ ലഭ്യമാണ്. 6.25 ലക്ഷം രൂപയാണ് ഇതിനു മുടക്കേണ്ട എക്സ്ഷോറൂം വില.
എക്‌സ്‌റ്റർ S: പെട്രോൾ മാനുവൽ, പെട്രോൾ എഎംടി, സിഎൻജി എന്നീ വ്യത്യസ്‌ത മോഡലുകളിൽ ഈ വേരിയന്റ് സ്വന്തമാക്കാനാവും. എൽഇഡി ഡിആർഎല്ലുകൾ, ബോഡി കളറിലുള്ള മിററുകൾ, ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 14 ഇഞ്ച് സ്റ്റീൽ വീലുകൾ, 3D പാറ്റേൺ ഉപയോഗിച്ചുള്ള ഇന്റീരിയർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളാണ് ഈ വേരിയന്റിലുള്ളത്.
അതോടൊപ്പം വോയ്‌സ് റെക്കഗ്നിഷൻ, മുന്നിലും പിന്നിലും സ്പീക്കറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിയർ എസി വെന്റുകൾ, മുന്നിലും പിന്നിലും പവർ വിൻഡോകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM, ടൈപ്പ്-സി ഫാസ്റ്റ് ചാർജർ, ഹൈലൈൻ ടിപിഎംഎസ്, സിഎൻജിയിൽ മാത്രം ESC, HAC, VSM ഫീച്ചറുകൾ, എഎംടിയിൽ മാത്രമായി ORVM-കളിൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഇലക്ട്രിക്കലി മടക്കാവുന്ന ORVM-കൾ എന്നിവയും ലഭിക്കും. 7.26 ലക്ഷമാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.
എക്സ്റ്റർ SX: പെട്രോൾ മാനുവൽ, പെട്രോൾ എഎംടി, സിഎൻജി എന്നിങ്ങനെ വ്യത്യസ്‌ത ഓപ്ഷനുകളിൽ ഈ വേരിയന്റും സ്വന്തമാക്കാം.
പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, റിയർ ഡീഫോഗർ, ബ്ലാക്ക് റൂഫ് റെയിലുകൾ, പിൻ സ്‌പോയിലർ, 15 ഇഞ്ച് ഡ്യുവൽ ടോൺ സ്റ്റൈൽ സ്റ്റീൽ വീലുകൾ, ഫാബ്രിക്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ്, ടിൽറ്റ് അഡ്ജസ്റ്റബികൾ സ്റ്റിയറിംഗ് വീൽ എന്നീ ഫീച്ചറുകളാണ് SX വേരിയന്റിൽ ഹ്യുണ്ടായി ഒരുക്കിയിട്ടുള്ളത്. തീർന്നില്ല, ഇവയ്ക്കെല്ലാം പുറമെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലായി മടക്കാനാവുന്ന ORVM-കൾ, പെട്രോളിൽ മാത്രം ക്രൂയിസ് കൺട്രോൾ, ഡ്യുവൽ ടോൺ പതിപ്പിൽ 15 ഇഞ്ച് ഡയമണ്ട് കട്ട് വീലുകൾ, എഎംടിയിൽ മെറ്റൽ പെഡലുകൾ, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകളും എക്സ്റ്റർ SX വേരിയന്റിൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഇതിന്റെ എക്സ്ഷോറൂം വില 7.99 ലക്ഷം രൂപയാണ് വരുന്നത്.
എക്സ്റ്റർ SX(O): പെട്രോൾ മാനുവൽ, പെട്രോൾ എഎംടി പതിപ്പുകളിൽ സ്വന്തമാക്കാനാവും. 15 ഇഞ്ച് ഡയമണ്ട് കട്ട് വീലുകൾ, സ്മാർട്ട് കീ, ഫുട്‌വെൽ ലൈറ്റിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലൗ ബോക്സ്, റിയർ വൈപ്പറും വാഷറും പോലുള്ള ഫീച്ചറുകളാണ് ഈ വേരിയന്റിലുള്ളത്. 8.64 ലക്ഷമാണ് ഇതിന്റെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.
എക്സ്റ്റർ SX(O) കണക്‌ട്: പെട്രോൾ മാനുവൽ, പെട്രോൾ എഎംടി ഓപ്ഷനുകളിലാണ് ഈ വേരിയന്റ് അണിനിരത്തിയിരിക്കുന്നത്. മേൽപറഞ്ഞ വേരിയന്റുകളിലെല്ലാം ലഭിക്കുന്ന ഫീച്ചറുകൾക്ക് പുറമെ ഡ്യുവൽ ക്യാമറകളുള്ള ഡാഷ്‌ക്യാം, മുന്നിലും പിന്നിലും മഡ് ഗാർഡ്, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, നാച്ചുറൽ ആംബിയന്റ് സൗണ്ടുകൾ, അലക്‌സ H2C, OTA അപ്‌ഡേറ്റുകൾ എന്നിവയാണ് ഇതിലെ ഹൈലൈറ്റുകൾ. 9.99 ലക്ഷം വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില.
Post a Comment