ആപ്പിള്‍ കമ്പനി തങ്ങളുടെ ഐഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനവും ഇന്ത്യയില്‍ നടത്താന്‍ ആഗ്രഹിക്കുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വകുപ്പു മന്ത്രി പിയുഷ് ഗോയല്‍. ഇപ്പോള്‍ ഏകദേശം 5-7 ശതമാനം ഐഫോണാണ് ഇന്ത്യയിൽ നിർമിക്കുന്നത്. അത് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നും ഗാന്ധിനഗറില്‍ നടന്ന ബി20 ഇന്ത്യാ ഇന്‍സെപ്ഷന്‍ ചടങ്ങിൽ മന്ത്രി പറഞ്ഞു. 'അദ്ദേഹത്തിന്റെ കൈയ്യില്‍ ഇന്ത്യയില്‍ ഉണ്ടാക്കിയ ഒരു ഐഫോണ്‍ ആണ് ഉള്ളത്', തനിക്കൊപ്പം വേദിയിലുണ്ടായിരുന്ന കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി പിയൂഷ് പറഞ്ഞു.
മാക്ബുക്ക് നിര്‍മാണവും ഇന്ത്യയിലേക്ക്?
അടുത്തിടെ വന്ന റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിന്റെ കംപ്യൂട്ടര്‍ ശ്രേണിയായ മാക്ബുക്കുകളും ഇന്ത്യയില്‍ നിര്‍മിച്ചെടുക്കുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഐടി ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കുന്ന കമ്പനികൾക്ക് സർക്കാർ ഏകദേശം 7,350 കോടി രൂപയാണ് പ്രോത്സാഹനമായി ഇപ്പോള്‍ നല്‍കുന്നത്. ഇത് താമസിക്കാതെ 20,000 കോടിയായി ഉയര്‍ത്തിയേക്കുമെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, ആപ്പിളിന്റെ ഇയര്‍പോഡസ്, ബീറ്റസ് ഹെഡ്‌ഫോണുകള്‍ തുടങ്ങിയ ഓഡിയോ ഉപകരണങ്ങളുടെ നിര്‍മാണവും 2024 മുതല്‍ ഇന്ത്യയില്‍ തുടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ചൈനയില്‍ നിന്നു പുറത്തേക്ക്
ആപ്പിള്‍ തങ്ങളുടെ ഉപകരണ നിര്‍മാണ ബിസിനസ് ഘട്ടംഘട്ടമായി ചൈനയ്ക്കു വെളിയിലേക്ക് മാറ്റുകയാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോവിഡ് രോഗവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളും വഷളായി വരുന്ന അമേരിക്കാ-ചൈനാ ബന്ധവുമാണ് ഇതിനുകാരണമായി പറഞ്ഞിരുന്നത്. ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനം വർധിപ്പിക്കുന്നത് രാജ്യത്തിന്റെ മറ്റൊരു വിജയമായാണ് മന്ത്രി പിയൂഷ് വിശേഷിപ്പിച്ചത്. എന്നാല്‍, എന്നു മുതലാണ് ഇന്ത്യയില്‍ കൂടുതല്‍ ഫോണുകളുടെ നിർമാണം ആപ്പിള്‍ തുടങ്ങുക എന്ന കാര്യംമന്ത്രി വെളിപ്പെടുത്തിയില്ല. ഇതേക്കുറിച്ച് തങ്ങളുടെ ചോദ്യത്തിന് ആപ്പിള്‍ മറുപടി നല്‍കിയില്ലെന്ന് റോയിട്ടേഴ്‌സും പറയുന്നു. മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞത് ഡിസംബര്‍ 2022ല്‍ ഏകദേശം 1 ബില്ല്യന്‍ ഡോളര്‍ മൂല്യത്തിനുള്ള ഐഫോണ്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തുവെന്നാണ്.
കേന്ദ്ര നയം ഗുണം ചെയ്തുവെന്ന് മന്ത്രി
രാജ്യത്ത് സുതാര്യമായ നയമാണ് ഇപ്പോള്‍ ഉള്ളത്. അത് വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്നതാണെന്നും മന്ത്രി ഗോയല്‍ പറഞ്ഞു. സബ്‌സിഡികള്‍ ഒന്നും ഒളിച്ചുവച്ചിട്ടില്ല. അതുപോലെ, പൊതുജനത്തിന് അറിയാത്ത ഒന്നും തന്ന സർക്കാറിനില്ല. ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രോണ്‍ എന്നീ കമ്പനികളാണ് ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നത്. ഐഫോണ്‍ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയത് 2017ല്‍ ആണ്. പ്രാദേശികമായി ഉപകരണങ്ങള്‍ നിര്‍മിച്ചെടുക്കുന്ന കമ്പനികള്‍ക്ക് കേന്ദ്രം ഇപ്പോള്‍ പല പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. അതേസമയം, 2023 വെല്ലുവിളികള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കുമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
>ചാറ്റ്ജിപിറ്റിയില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്താന്‍ മൈക്രോസോഫ്റ്റ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്ദ്രജാലം എന്ന് പലരും വിളിക്കുന്ന 2022ലെ വൈറല്‍ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിറ്റിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണ് തങ്ങളെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. നേരത്തെയും കമ്പനി ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ പണമിറക്കിയിട്ടുണ്ട്. എത്ര പണമാണ് ഇപ്പോള്‍ ഇറക്കുക എന്ന് കമ്പനിയുടെ വക്താവ് പറഞ്ഞില്ല. അതേസമയം നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 10 ബില്ല്യന്‍ ഡോളറായിരിക്കും മൈക്രോസോഫ്റ്റ് നടത്തുന്ന മുതല്‍മുടക്ക് എന്നാണ് പറയുന്നത്.
ചാറ്റ്ജിപിറ്റിയുടെ വെല്ലുവിളിക്കുള്ള മറുപടി ഗൂഗിള്‍ മെയ് മാസത്തില്‍ നല്‍കിയേക്കും
ചാറ്റ്ജിപിറ്റിയുടെ രംഗപ്രേവേശം സേര്‍ച്ച് ഭീമന്‍ ഗൂഗിളിനെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തിയിരിക്കുന്നത്. ദി ന്യൂയോര്‍ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ചാറ്റിജിപിറ്റിക്കുള്ള മറുപടി മെയ് മാസത്തില്‍ തന്നെ ഗൂഗിള്‍ അവതരിപ്പിക്കുമെന്നു പറയുന്നു. മെയ് മാസത്തില്‍ പുതിയ ടൂള്‍ 'പ്രദര്‍ശിപ്പിക്കുക' ആയിരിക്കും ചെയ്യുക എന്നാണ് റിപ്പോര്‍ട്ട് പറഞ്ഞിരിക്കുന്നത്.
മൈക്രോസോഫ്റ്റ് മെറ്റാവേഴ്‌സ് വികസിപ്പിക്കല്‍ തത്കാലത്തേക്കു നിറുത്തുന്നു?
തങ്ങളുടെ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ആള്‍ട്ട്‌സ്‌പെയ്‌സ്‌വിആറിന്റെ (AltspaceVR) പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് അവസാനിപ്പെച്ചെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യത്തെ വെര്‍ച്വല്‍ റിയാലിറ്റി ചാറ്റ്‌റൂമുകളിലൊന്നായിരുന്നു ഇത്. ഇത് ഉപയോഗിച്ചു വന്നവര്‍ക്ക് തങ്ങളുടെ ഡേറ്റ വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഏകദേശം 10000 ജോലിക്കാരെയാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. തങ്ങളുടെ മിക്‌സ്ഡ് റിയാലിറ്റി ടൂള്‍ കിറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചുവന്ന ടീമിനെ പിരിച്ചുവിട്ടു എന്നാണ് സൂചന. ഇതോടെ മെറ്റാവഴ്‌സ് വികസിപ്പിക്കലിന് ഒരു താൽകാലിക വിരാമം നല്‍കിയിരിക്കുകയായിരിക്കാം കമ്പനിയെന്നു പറയുന്നു.
വിന്‍ഡോസ് 10 വില്‍പന അവസാനിപ്പിച്ചു
മൈക്രോസോഫ്റ്റിന്റെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ ഏറ്റവും പ്രിയപ്പെട്ട വേര്‍ഷനുകളില്‍ ഒന്നായി മാറിയ വിന്‍ഡോസ് 10 ഹോം, പ്രോ എന്നിവയുടെ വില്‍പന അവസാനിപ്പിക്കുകയാണ് കമ്പനി. വിന്‍ഡോസ് 10ന്റെ സപ്പോര്‍ട്ട് ഒക്ടോബര്‍ 14, 2025ല്‍ അവസാനിപ്പിക്കും. അവസാനമായി വിന്‍ഡോസ് 10 ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന തീയതി 31, 2023 ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു.
600 ജീവനക്കാരെ പിരിച്ചുവിട്ട് സ്‌പോട്ടിഫൈ
പ്രമുഖ മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ 600 ജോലിക്കാരെ പിരിച്ചുവിട്ടു എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനിയുടെ മേധാവി ഡാനിയല്‍ എക് ആണ് ഈ വിവരം പുറത്തുവിട്ടത്.
അമേരിക്കയിലെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കഷ്ടകാലം
അമേരിക്കയില്‍ ഇതുവരെ ഏകദേശം 200,000 ഐടി ജോലിക്കാര്‍ക്ക് ജോലി നഷ്ടമായി. ഇതില്‍ ഏകദേശം 30-40 ശതമാനം പേര്‍ ഇന്ത്യക്കാരാണെന്ന് ദി വാഷിങ്ടണ്‍ പോസ്റ്റ്. ഇവരില്‍ പലരും എച്-1ബി, എല്‍1 വീസകള്‍ ഉള്ളവരാണെന്ന് പിടിഐയുടെ വാര്‍ത്തയില്‍ പറയുന്നു. എച്-1ബിവീസ ഉള്ള ഒരാള്‍ക്ക് ജോലി പോയാല്‍ പുതിയ ജോലി കണ്ടെത്താനുള്ള സമയം 60 ദിവസമാണ്. ഈ കാലയളവില്‍ പുതിയ ജോലി കിട്ടിയില്ലെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകണമെന്നാണ് നിയമം.
എഎംഡി റൈസണ്‍ 7020, അതലോണ്‍ 7020 പ്രൊസസറുകള്‍ ഇന്ത്യയില്‍
പ്രമുഖ ചിപ്പ് നിര്‍മാതാവായ എഎംഡിയുടെ റൈസണ്‍ 7020, അതലോണ്‍ 7020 പ്രൊസസറുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ടിഎസ്എംസിയുടെ 6എന്‍എം ടെക്‌നോളജി പ്രയോജനപ്പെടുത്തി നിര്‍മിച്ചവയാണ് ഇവ. ബാറ്ററി ലൈഫ്, ഓഡിയോ പ്ലേബാക്ക് തുടങ്ങിയ കാര്യങ്ങളില്‍ ഇവ മുന്‍തലമുറയെ അപേക്ഷിച്ച് മികവുറ്റ പ്രകടനം നടത്തുമെന്നു പറയുന്നു. ഇവ വിന്‍ഡോസ് 11ൽ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാണ്. കൂടാതെ, മൈക്രോസോഫ്റ്റിന്റെ പ്ലൂട്ടോണ്‍ സുരക്ഷാ പ്രൊസസറുകല്‍ക്കും സപ്പോര്‍ട്ട് നല്‍കുന്നു.
Post a Comment