മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ സ്ഥാനം, പുതുമകളുമായി ആന്‍ഡ്രോയിഡ് 13! ചില ഫീച്ചറുകള്‍ അറിഞ്ഞിരിക്കാം

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും കൂടുതൽ സ്ഥാനം, പുതുമകളുമായി ആന്‍ഡ്രോയിഡ് 13! ചില ഫീച്ചറുകള്‍ അറിഞ്ഞിരിക്കാം

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് പുതിയ പതിപ്പിൽ എത്തുമ്പോൾ എന്തെല്ലാം പുതുമകളാകും ഉണ്ടാകുക? ഇതുവരെ പുറത്തുവന്നിട്ടുളള വിവരങ്ങള്‍ വച്ച് ആന്‍ഡ്രോയിഡ് 12ൽ വന്ന അത്ര പുതുമ അടുത്ത ഒഎസില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് പറയുന്നു. ആന്‍ഡ്രോയിഡ് 12ല്‍ ഡൈനാമിക് കളര്‍ തീം എൻജിനായ 'മെറ്റീരിയല്‍ യൂ' കൊണ്ടുവന്നതു പോലെയുള്ള ഒരു വമ്പന്‍ മാറ്റം പുതിയ ഒഎസില്‍ ഇല്ല. പക്ഷേ, ‘മെറ്റീരിയല്‍ യൂ’ ല്‍ കൂടുതല്‍ മികവ് വരുത്തുകയും, ഒരു പറ്റം മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ടെന്നു കാണാം.

  • സ്വകാര്യത, സുരക്ഷ

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി ഗൂഗിള്‍ പോലെയുള്ള കമ്പനികളെ വരുതിക്കു നിർത്താന്‍ വിവിധ രാജ്യങ്ങള്‍ നിയമനിര്‍മാണം നടത്തുന്ന ഈ കാലത്ത് പുതിയ സ്വകാര്യതാ ഫീച്ചറുകള്‍ കൊണ്ടുവന്നേ മതിയാകൂ എന്ന് കമ്പനിക്കറിയാം. ആന്‍ഡ്രോയിഡ് 13ല്‍ വരുന്ന മുഖ്യമായ മാറ്റങ്ങളിലൊന്ന് കളര്‍ കോഡോടു കൂടിയ സുരക്ഷാ സ്റ്റാറ്റസാണ്. സ്മാര്‍ട് ഫോണിന്റെ സുരക്ഷ വര്‍ധിപ്പിക്കാനായി എന്തെല്ലാം ചെയ്യണമെന്നും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഫോണിന്റെ ഉടമയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യും. വൈ-ഫൈ സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ കണ്ടുപിടിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്.

മറ്റൊന്ന് ക്ലിപ്‌ബോര്‍ഡ് ഹിസ്റ്ററിയുടെ കാര്യത്തിലാണ്. (എന്താണ് ക്ലിപ്‌ബോര്‍ഡ് ഹിസ്റ്ററി? നിങ്ങള്‍ ഒരു യുആര്‍എല്‍ കോപ്പി ചെയ്തു എന്നിരിക്കട്ടെ. നിലവില്‍ അത് വളരെയധികം നേരം അങ്ങനെ കോപ്പി ചെയ്തു നില്‍ക്കും. കുറേസമയം കഴിഞ്ഞും ഇത് പേസ്റ്റു ചെയ്യാം. ഇത് പല ആപ്പുകളും ആക്‌സസ് ചെയ്യുകയും നിങ്ങള്‍ എന്താണ് കോപ്പി ചെയ്തത് എന്ന് മനസിലാക്കുകയും ചെയ്യും. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആന്‍ഡ്രോയിഡ് 12ല്‍ തുറന്നുകാണിക്കുന്നുണ്ട്.) ആന്‍ഡ്രോയിഡ് 13ല്‍ ക്ലിപ്‌ബോര്‍ഡ് ഹിസ്റ്ററി കുറഞ്ഞ സമയത്തിനുള്ളല്‍ ഗൂഗിള്‍ നീക്കം ചെയ്യുന്നു. മറ്റു സ്വകാര്യതാ ഫീച്ചറുകളും പുതിയ ഒഎസില്‍ എത്തും.

  • നോട്ടിഫിക്കേഷന്‍ അയയ്ക്കാനുള്ള അനുമതി

നോട്ടിഫിക്കേഷന്‍ സിസ്റ്റത്തിന്റെ കാര്യത്തില്‍ ഐഒഎസിനേക്കാള്‍ മെച്ചമാണ് ആന്‍ഡ്രോയിഡ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ഇപ്പോള്‍ ആന്‍ഡ്രോയിഡിനുള്ള ഒരു പരിമിതി അവ ആപ്പുകള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാനുള്ള അനുമതി ഡിഫോള്‍ട്ടായി നല്‍കുന്നു എന്നതാണ്. ഉപയോക്താവ് പോയി പിന്നെ ഒരോ ആപ്പിനും നോട്ടിഫിക്കേഷന്‍ അനുമതി വേണ്ടന്നു വയ്ക്കണം. ഇത് ആന്‍ഡ്രോയിഡ് 13 എത്തുന്നതോടെ അവസാനിക്കുന്നു. നിങ്ങള്‍ അനുമതി നല്‍കിയാല്‍ മാത്രമായിരിക്കും പുതിയ ഒഎസില്‍ ആപ്പുകള്‍ നോട്ടിഫിക്കേഷന്‍ അയച്ചു ശല്യപ്പെടുത്തുക.

  • മീഡിയാ അക്‌സസ്

ആപ്പുകള്‍ക്ക് ഇപ്പോള്‍ ഗ്യാലറിയിലേക്കും മറ്റും യഥേഷ്ടം കടന്നു കയറാനുള്ള അനുമതി നല്‍കേണ്ടതായി വരുന്നു. അതും ആന്‍ഡ്രോയിഡ് 13ല്‍ പരിഷ്‌കരിക്കുന്നു. ഇനിമേല്‍ എല്ലാ ഡേറ്റയിലേക്കും കടന്നുകയറുന്നത് അവസാനിപ്പിച്ച്, 'ഫോട്ടോസ് ആന്‍ഡ് വിഡിയോസ്', 'മ്യൂസിക് ആന്‍ഡ്ഓഡിയോ' എന്ന രണ്ടു വിഭാഗത്തിന് ഏതിനെങ്കിലും മാത്രമായും അനുമതി നല്‍കാം. ഇതും ഒരുപടികൂടി കടക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതു ചെയ്യാം. ഇതിനായി ഒരുങ്ങുന്നത് 'ഫോട്ടോ പിക്കര്‍' ഫീച്ചറാണ്. നിങ്ങള്‍ അനുവദിക്കുന്ന ചില ഫോട്ടോകള്‍ക്ക് മാത്രം ആപ്പുകള്‍ക്ക് അക്‌സസ് നല്‍കുന്ന രീതിയാണിത്.

  • ഫോട്ടോ പിക്കര്‍ യുഐ

ഫോട്ടോ പിക്കറിനായി പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സും കമ്പനി അവതരിപ്പിക്കും. ഇപ്പോള്‍ ആന്‍ഡ്രോയിഡ് 12ല്‍ ഉള്ള ഡോക്യുമെന്റ് പിക്കറിനു സമാനമാണ്. കൂടാതെ, ഈ യൂസര്‍ ഇന്റര്‍ഫെയസ് ആന്‍ഡ്രോയിഡ് 11 മുതല്‍ ഉള്ള ഉപകരണങ്ങള്‍ക്ക് നല്‍കാനുള്ള സാധ്യതയും ഉണ്ട്. ഇത് ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റ് വഴിയായിരിക്കും.

  • ഗൂഗിള്‍ വോലറ്റ്

ഗൂഗിള്‍ വോലറ്റ് തിരിച്ചെത്തുന്നു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു സുപ്രധാന മാറ്റം. ആപ്പിള്‍ വോലറ്റിനു സമാന രീതിയിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. ഏതു കാര്‍ഡും കീയും ഇതില്‍ സൂക്ഷിക്കാം. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ട്രാന്‍സിറ്റ് പാസുകള്‍, ഓഫിസ് ഐഡികള്‍, വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍, കാര്‍ കീകള്‍, ബോര്‍ഡിങ് പാസുകള്‍, ഹോട്ടല്‍ കീകള്‍, സ്റ്റിയൂഡന്റ് ഐഡികള്‍ തുടങ്ങിയവയും ഗൂഗിള്‍ വോലറ്റില്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് കമ്പനി പറയുന്നു.

ഇനിമേല്‍ ഇങ്ങനെ സൂക്ഷിക്കുന്ന കാര്‍ഡുകള്‍ ഡിജിറ്റലായി ഷെയർ ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ഒരു ഫിസിക്കല്‍ കാര്‍ഡ് നേരിട്ട് മറ്റൊരാളുടെ കയ്യിലേക്ക് നല്‍കുന്നതിനു പകരമായി കാര്‍ഡുകള്‍ ഡിജിറ്റലായി നല്‍കാം. ഗൂഗിള്‍ ആപ്പുകളുമായും വോലറ്റിനെ ബന്ധിപ്പിച്ചിരിക്കുന്നു. എന്നാല്‍, ഗൂഗിള്‍ വോലറ്റ് ആന്‍ഡ്രോയിഡ് 13ന്റെ മാത്രം ഫീച്ചറായിരിക്കില്ല. ആന്‍ഡ്രോയഡ് 5 ലോലിപോപ് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് മുതല്‍ ഇതു നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

  •  വലിയ സ്‌ക്രീനുകളില്‍ മികവു കൊണ്ടുവരാനുള്ള ശ്രമം

ആപ്പിള്‍ തങ്ങളുടെ ഐപാഡുകളെ ലാപ്‌ടോപ്പിനു സമാനമായ ഫീച്ചറുകള്‍ നല്‍കി കരുത്തുറ്റതാക്കുമ്പോള്‍ ആന്‍ഡ്രോയിഡ് ടാബുകള്‍ ഒരു പരിധിവരെ പിന്നിലാണെന്നു പറയാം. എന്നാല്‍, ഇതു മറികടക്കാനുള്ള ശ്രമം ഗൂഗിള്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് 12 മുതല്‍ തുടങ്ങിയിരുന്നു. ആന്‍ഡ്രോയിഡിലേക്ക് എത്തുന്ന പുത്തന്‍ ഫീച്ചറുകളിലൊന്ന് ടാബില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ കൊണ്ടുവരിക എന്നതാണ്. രണ്ടു വിന്‍ഡോകള്‍ ഒരേസമയത്തു അടുത്തടുത്തു തുറന്നു വയ്ക്കുകയും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കണ്ടെന്റ് വിലിച്ചിടുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു ഇമെയില്‍ തുറന്നു വച്ചിരിക്കുന്നു. അടുത്തായി ഗ്യാലറിയും. ഗ്യാലറിയില്‍ നിന്ന് ഒരു വിഡിയോയോ ഫോട്ടോയോ ഒക്കെ മെയിലിലേക്ക് എളുപ്പത്തിൽ വലിച്ചിടാം.

അതുപോലെ തങ്ങളുടെ 20 നേറ്റീവ് ആപ്പുകളും ടാബുകളുടെ വലിയ സ്‌ക്രീനിനു യോജിച്ച രീതിയില്‍ മാറ്റം വരുത്തുമെന്നും കമ്പനി അറിയിച്ചു. ടാബുകളുടെ അധിക സ്‌ക്രീന്‍ വലുപ്പം പ്രയോജനപ്പെടുത്താനായി മറ്റ് ആപ് ഡവലപ്പര്‍മാരായ ടിക്‌ടോക്, സൂം, ഫെയ്‌സ്ബുക് തുടങ്ങിയവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വെളിപ്പെടുത്തി. ആന്‍ഡ്രോയിഡ് 13 മുതല്‍ ടാബുകള്‍ക്കായി ക്രമീകരിച്ച ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

  • മെറ്റീരിയല്‍ യൂ

ആന്‍ഡ്രോയിഡ് 12 ലാണ് മെറ്റീരിയല്‍ യൂ തീമിങ് സിസ്റ്റം കൊണ്ടുവന്നത് എന്നു കണ്ടല്ലോ. നിങ്ങളുടെ വാള്‍പേപ്പറിന്റെ നിറം മനസിലാക്കി മൊത്തം സിസ്റ്റത്തിനും നല്‍കുന്ന ഒന്നാണിത്. ഇതുവഴി ഫോണിന് ഒരു ഒരുമ തോന്നിപ്പിക്കും. ആന്‍ഡ്രോയിഡ് 13ല്‍ ഈ എൻജിൻ കൂടുതല്‍ പുതുക്കിയെത്തും. വാള്‍പേപ്പറിന്റെ കളര്‍ ഫോണിന്റെ കളര്‍ ആക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്കായി കുറച്ച് പ്രീസെറ്റ് ഓപ്ഷനുകള്‍ നല്‍കും. കളര്‍ തീമുകള്‍ ഗൂഗിളിന്റേതല്ലാത്ത ആപ്പുകള്‍ക്കും നല്‍കാനാകും. ഇതു കൂടാതെ, വളരെ സൂക്ഷ്മമായ പല മാറ്റങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

  • കാസ്റ്റ് ഫീച്ചര്‍

ഏതാനും ടച്ചുകള്‍ വഴി കണ്ടെന്റ് വലിയ സ്‌ക്രീനിലേക്ക് പ്രോജക്ടു ചെയ്യാന്‍ അനുവദിക്കുന്നതാണ് ഗൂഗിള്‍ ക്രോംകാസ്റ്റ് ഫീച്ചര്‍. ഇത് ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഗൂഗിളിന് അറിയാം. ഇനി ഇത്തരം കാസ്റ്റിങ് ക്രോം ബുക്കുകളിലേക്കോ, കാറിന്റെ സിസ്റ്റത്തിലേക്കോ കാസ്റ്റു ചെയ്യാം.

  • ഒരു ആപ്പിനു മാത്രമായി ഭാഷ തിരഞ്ഞെടുക്കാം

നേരത്തെ പറഞ്ഞു കേട്ടതു പോലെ ആന്‍ഡ്രോയിഡ് 13ല്‍ പെര്‍-ആപ് ലാംഗ്വേജ് സെറ്റിങ് നടത്താം. മറ്റ് ആപ്പുകള്‍ വേറെ ഭാഷകളില്‍ നിലനിര്‍ത്തി ഒരു ആപ്പിനു മാത്രമായി ഒരു ഭാഷ നല്‍കാം. ഉദാഹരണത്തിന് സമൂഹ മാധ്യമ ആപ് ഒരു ഭാഷയില്‍ ഉപയോഗിക്കണമെന്നും ബാങ്കിങ് ആപ് വേറൊരു ഭാഷയിലും ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് 13ല്‍ അങ്ങനെ ചെയ്യാം.

  • പുതിയ ബ്ലൂടൂത്ത് ലോ എനര്‍ജി ഓഡിയോ

പലരും ഇപ്പോള്‍ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നു. ഇവ ഫോണിലെ ബ്ലൂടൂത്തുമായി പെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഫോണ്‍ ഇങ്ങനെ വയര്‍ലെസായി ഓഡിയോ കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ബാറ്ററി ചാര്‍ജ് നഷ്ടം കുറയ്ക്കാനായി ആന്‍ഡ്രോയിഡ് 13ല്‍ ബ്ലൂടൂത്ത് ലോ എനര്‍ജി ഓഡിയോ ഫീച്ചര്‍ അവതരിപ്പിക്കുന്നു. പുതിയ ഡിഫോള്‍ട്ട് ഓഡിയോ കൊഡെക് ആയിരിക്കും ഉപയോഗിക്കുക. ലോ കോംപ്ലക്‌സിറ്റി കമ്യൂണിക്കേഷന്‍സ് കൊഡെക് എന്നാണ് ഇതിന്റെ പേര്. കൂടുതല്‍ മികവുറ്റ ഓഡിയോ വയര്‍ലെസ് ഹെഡ്‌ഫോണുകളിലേക്ക് അയയ്ക്കുമെന്നതു കൂടാതെ കുറച്ചു ബാറ്ററി ചാര്‍ജേ വേണ്ടിവരികയുമുള്ളു എന്നതാണ് ഗുണം.

0/Post a Comment/Comments

മലയാളം ജോബ് & ടെക്ക് വാട്സപ്പ് ഗ്രൂപ്പ്