കഴിഞ്ഞ വർഷം ഗൂഗിൾ ഇന്ത്യയിൽ 3,500 വ്യാജ ലോൺ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് റിപ്പോർട്ട്. പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതും വ്യാജ ആപ്പുകളുമാണ് നിരോധിച്ചതെന്ന് ഗൂഗിൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വർഷം മുഴുവൻ നടന്ന ഈ പ്രക്രിയയിൽ ആകെ എത്ര ആപ്പുകൾ നീക്കം ചെയ്‌തു എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2022 ജനുവരി മുതൽ ജൂലൈ വരെ ഇന്ത്യയിലെ ആപ് വിപണിയിൽ നിന്ന് 2,000 പഴ്സണൽ വായ്പാ ദാതാക്കളെ വിലക്കിയതായി ഓഗസ്റ്റിൽ ഗൂഗിൾ പ്രസ്താവിച്ചിരുന്നു.
രാജ്യത്ത് റജിസ്റ്റർ ചെയ്യാത്തതും വഞ്ചനാപരവുമായ ആപ്പുകളുടെ ഡിജിറ്റൽ ലോൺ വർധനവ് സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) ആശങ്കയിലാക്കിയിട്ടുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ഇത് പിന്നീട് പലരുടെയും ആത്മഹത്യയ്ക്ക് വരെ കാരണമായിട്ടുണ്ട്.
പണമിടപാട് വിഭാഗത്തിലെ മൊത്തം ആപ്പുകളിലെ പകുതിയിലധികം വരും നീക്കം ചെയ്ത ആപ്പുകളെന്നാണ് റിപ്പോർട്ട്. 2022 ൽ വർഷത്തിന്റെ തുടക്കം മുതൽ ആപ്പുകൾ നീക്കം ചെയ്തുവരുന്നുണ്ട്. കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന പണമിടപാട് എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നതിനു ശേഷമാണ് ഗൂഗിൾ ഇന്ത്യയിൽ ലോൺ നൽകുന്ന ആപ്പുകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ തുടങ്ങിയത്.
പ്രാദേശിക റിപ്പോർട്ടിന്റെയും ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെയും അടിസ്ഥാനത്തിൽ പഴ്സണൽ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിൾ പ്ലേ നയങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയാണെന്ന് പുതിയ പ്ലേ സ്റ്റോർ മാർഗനിർദേശങ്ങളെക്കുറിച്ച് സംസാരിക്കവെ ഗൂഗിൾ ഏഷ്യ-പസിഫിക് ട്രസ്റ്റ് ആൻഡ് സേഫ്റ്റിയുടെ സീനിയർ ഡയറക്ടറും തലവനുമായ സൈകത് മിത്ര പറഞ്ഞിരുന്നു.
ഇത്തരം ആപ്പുകൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇതിനാൽ നിയമപാലകരുമായി കൂടിയാലോചിച്ച ശേഷമാണ് അവ നീക്കം ചെയ്യാൻ കമ്പനി തീരുമാനിച്ചതെന്നുമാണ് ഗൂഗിൾ നിലപാട്. ആപ്പുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവലോകനം ചെയ്യാറുണ്ടെന്നും എന്നാൽ ലോൺ ആപ്പുകളുടെ കാര്യത്തിൽ ഇന്റർനെറ്റ് ലോകത്തിന് പുറത്ത് ധാരാളം ക്രിമിനൽ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു. ലോൺ തിരിച്ചടവിന്റെ പേരിൽ നിരവധി ഉപയോക്താക്കൾക്കെതിരെ ഉപദ്രവവും ബ്ലാക്ക് മെയിലിങും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അനധികൃത വായ്പാ ആപ്പുകൾ (BULA) നിരോധിക്കുന്നതിന് ആർബിഐ നിയമം കൊണ്ടുവന്നതിനു പിന്നാലെയാണ് ഗൂഗിൾ അനിയന്ത്രിതമായ വായ്പാ ആപ്പുകളെ കണ്ടെത്തി നീക്കിയത്. ഇന്ത്യയിൽ നിലവിൽ സർക്കാർ സാക്ഷ്യപ്പെടുത്തിയ ലോണ്‍ ആപ്പുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. പ്ലേ സ്റ്റോറിനു പ്രശ്നമില്ലെന്ന് തോന്നുന്ന ലോൺ ആപ്പുകൾ പോലും പുറത്ത് ഉപയോക്താക്കൾക്ക് ഭീഷണിയായേക്കാം. എന്നാൽ, ഇതില്‍ ചില മികച്ച സേവനം നൽകുന്നതാണെന്നും ഗൂഗിൾ വക്താവ് പറയുന്നു.
Post a Comment